Let's learn by playing
Let's learn by playing
കളിച്ചു പഠിക്കാം
ഡോ അദില അബ്ദുള്ള ഐ എ എസ്
ഫിൻലാൻഡിലെ സ്കൂളുകളിൽ ഓരോ 45 മിനിറ്റ് പഠനത്തിന് ശേഷം 15 മിനിറ്റ് ഇടവേള നൽകുന്ന രീതിയാണ് നിലവിലുള്ളത്. ഈ സമയം കുട്ടികൾ കളിക്കാനാണ് ഉപയോഗിക്കുന്നത്. മൊത്തം സ്കൂൾ സമയത്തിന്റെ ഏകദേശം നാലിലൊന്ന് സമയം കുട്ടികൾക്ക് കളിക്കാനായി അനുവദിച്ചിരിക്കുന്നു. ഈ ചെറിയ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിൽ നിന്ന് ക്ലാസിലേക്ക് മടങ്ങിയെത്തുന്ന കുട്ടികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധാലുക്കളായി കാണപ്പെടുന്നു. 1960 മുതൽ ഈ വിദ്യാഭ്യാസരീതി ഫിൻലാൻഡിൽ തുടരുന്നു.
എന്നാൽ നമ്മുടെ നാട്ടിൽ പലപ്പോഴും കളിസമയം പോലും പഠനത്തിനായി ഉപയോഗിച്ചാൽ കൂടുതൽ നേട്ടം ലഭിക്കും എന്ന തെറ്റായ ധാരണയാണ് നിലനിൽക്കുന്നത്. എന്നാൽ നല്ല ആരോഗ്യമുള്ള ശരീരത്തിലേ നല്ല മനസ്സുണ്ടാകൂ, നല്ല മനസ്സുള്ളപ്പോൾ മാത്രമേ സമാധാനത്തോടെ പഠിക്കാനും കഴിയൂ.
കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ
ഇന്ന് പുതിയ തലമുറ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ഫാറ്റി ലിവർ. ഒരു പഠനമനുസരിച്ച് ഈ രോഗം ബാധിച്ചവരിൽ ഏകദേശം 30% കുട്ടികളാണ്.
ഇതിന് പ്രധാന കാരണം:
കൂൾഡ്രിങ്കുകൾ പോലുള്ള അനാരോഗ്യകരമായ ഭക്ഷണം
വ്യായാമത്തിന്റെ കുറവ്
സ്ക്രീൻ സമയത്തിന്റെ വർധനം
കേരളത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന 86% കുട്ടികൾക്കും കായികക്ഷമത കുറവാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അതിനാൽ കായിക വിദ്യാഭ്യാസത്തിന് നാം നൽകുന്ന പ്രാധാന്യം എന്താണെന്ന് സമൂഹം സ്വയം ചോദിക്കേണ്ട സമയമാണ്.
കുട്ടികളുടെ പഴയ കളികൾ എവിടെ?
ഈ അവധിക്കാലത്ത്
കള്ളനും പോലീസും കളിച്ചവരും മരത്തിൽ കയറിയവരും പമ്പരം
കറക്കിയവരും പട്ടം പറത്തിയ വരും ഓലപ്പാമ്പും കണ്ണടയും നിർമിച്ചവരും മണ്ണപ്പം
ചുട്ട വരും കൊത്തങ്കല്ല് കളിച്ചവരും ആയ എത്ര കുട്ടികൾ ഉണ്ടാവും.പന്ത് തട്ടുന്നതും
ബാറ്റേന്തുന്നതും ഓടുന്നതും ചാടുന്നതും നീന്തുന്നതും ടെലിവിഷനുകളിൽ മാത്രം
കാണുന്ന കാഴ്ചക്കാരാക്കി മാറ്റി നിർത്തുകയും കുട്ടികൾക്ക് കളിക്കളം നിഷേധിക്കുകയും
ചെയ്യുന്ന രക്ഷിതാക്കൾ സത്യത്തിൽ ജീവിതശൈലി രോഗങ്ങളിലേക്ക് അവരെ
വിട്ടുകൊടുക്കുകയാണ്.
കളിയുടെ ഗുണങ്ങൾ
കളികളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക്:
-
പേശിബലം കൂടുതൽ
-
ശരീരത്തിലെ കൊഴുപ്പ് കുറവ്
-
ഓർമ്മശക്തി വർധനം
-
അച്ചടക്കം
-
നേതൃപാടവം
-
കൂട്ടായ്മ
എന്നിവ വളരാൻ സഹായിക്കുന്നു.
ആരോഗ്യവിദഗ്ധർ പറയുന്നതുപോലെ 5 മുതൽ 17 വയസ് വരെ ഉള്ള കുട്ടികൾ ദിവസവും കുറഞ്ഞത് ഒരു മണിക്കൂർ വ്യായാമം ചെയ്യണം.
കളികളിൽ ചടുലത, ഏകോപനം, തന്ത്രം, സഹകരണം എന്നിവ ആവശ്യമാണ്. അതിലൂടെ കൂട്ടായ്മയും ലീഡർഷിപ്പും കുട്ടികൾ സ്വാഭാവികമായി പഠിക്കുന്നു. വിജയത്തിന്റെ സന്തോഷത്തോടൊപ്പം തോൽവിയെ നേരിടാനുള്ള കരുത്തും കുട്ടികൾക്ക് ലഭിക്കുന്നു.
തെറ്റായ ജീവിതശൈലി
കുട്ടികളെ A+ നേടുന്നവരാക്കി മാറ്റാനുള്ള അമിതമായ സമ്മർദ്ദം പലപ്പോഴും തെറ്റായ ഭക്ഷണരീതിയിലേക്കും വ്യായാമക്കുറവിലേക്കും നയിക്കുന്നു.
കേരളത്തിലെ കുട്ടികളിൽ ഏകദേശം 30% പേർ അമിതവണ്ണ പ്രശ്നം നേരിടുന്നു.
കുഞ്ഞുണ്ണി മാഷിന്റെ കവിതയിലെ വരികൾ ഇതിനെ ഓർമ്മിപ്പിക്കുന്നു:
“ഉണ്ടാൽ ഉണ്ടപോലിരിക്കണം,
ഉണ്ടാൽ ‘ഉണ്ട’ പോലിരിക്കരുത്.”
സമൂഹത്തിന്റെ ഉത്തരവാദിത്തം
അനാരോഗ്യകരമായ ഭക്ഷണരീതിയും അലസമായ ജീവിതശൈലിയും രോഗാതുരമായ സമൂഹം സൃഷ്ടിക്കും. അതിനാൽ കളികളെ പഠനത്തിന്റെ ശത്രുവായി കാണുന്ന സമീപനം മാറ്റണം.
നാട്ടിൻപുറങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന കളിസ്ഥലങ്ങൾ കുട്ടികളാൽ സജീവമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതികൾ രൂപീകരിക്കണം. ഓരോ പ്രദേശത്തും കായിക പരിശീലനം നൽകാൻ കഴിയുന്നവരെ കണ്ടെത്തി കുട്ടികളെ കളിക്കളത്തിലേക്ക് ആകർഷിക്കണം.
ജന്മദിനങ്ങളിലും പരീക്ഷ വിജയങ്ങളിലും കുട്ടികൾക്ക് കളിക്കോപ്പുകളും സൈക്കിളുകളും സമ്മാനമായി നൽകുന്നതും നല്ല ശീലമാണ്.
വരുമാനത്തിന്റെ ചെറിയൊരു ഭാഗം കുട്ടികളുടെ കായികവളർച്ചയ്ക്ക് വേണ്ടി മാറ്റിവെക്കുന്നത് നഷ്ടമല്ല, മറിച്ച് ഭാവിയിൽ ആരോഗ്യച്ചെലവ് കുറയ്ക്കാനുള്ള വലിയ നിക്ഷേപമാണ്.
ശാരീരികവും മാനസികവുമായ ആരോഗ്യത്തോടെ വളരുന്ന ഒരു തലമുറയെ സൃഷ്ടിക്കണമെങ്കിൽ കുട്ടികൾക്ക് കളിക്കാനുള്ള സ്വാതന്ത്ര്യം നൽകണം.
കളിച്ചു പഠിക്കട്ടെ നമ്മുടെ കുഞ്ഞുങ്ങൾ…
കളിച്ചു തിമർത്ത് സന്തോഷത്തോടെ അവർ പഠിക്കട്ടെ.
ഉറവിടം:
ചന്ദ്രിക ദിനപത്രം-നിരീക്ഷണം
10 Monday 2024

Comments
Post a Comment